അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കോഴിക്കോട് കെഎസ്ആര്ടിസി ബസ് സ്റ്റാന്റിലെ തൂണുകൾക്കിടയിൽ കുടുങ്ങിയ കെ സ്വിഫ്റ്റ് ബസ് പുറത്തെടുത്തു

കോഴിക്കോട് : അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കോഴിക്കോട് കെഎസ്ആര്ടിസി ബസ് സ്റ്റാന്റിലെ തൂണുകൾക്കിടയിൽ കുടുങ്ങിയ കെ സ്വിഫ്റ്റ് ബസ് പുറത്തെടുത്തു. കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നിന്ന് കോഴിക്കോടെത്തിയ ബസാണ് പാർക്ക് ചെയ്യുന്നതിനിടയിൽ തൂണുകൾക്കിടയിൽ കുടുങ്ങിയത്.

ബസ് സ്റ്റാന്റിലെ തൂണുകളിൽ സ്ഥാപിച്ച ഇരുമ്പ് വലയം മുറിച്ച് മാറ്റിയാണ് ബസിനെ കേടുപാടുകൾ സംഭവിക്കാതെ പുറത്തെടുത്തത്. ഡ്രൈവറുടെ പരിജയകുറവാണ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങാൻ കാരണമെന്നാണ് നിഗമനം. കുടുങ്ങിയ ബസ് പുറത്തിറക്കുന്നതിനിടയിൽ വീണ്ടും ജാമായതോടെയാണ് തൂണുകളിലെ ഇരുമ്പ് വലയം മുറിച്ച് മാറ്റി ബസ് പുറത്തെടുത്തത്.

ബസിന്റെ ചില്ലുകൾ പൊട്ടിച്ചോ തൂണുകൾ പൊളിച്ചോ മാത്രമേ ബസ് പുറത്തെടുക്കാൻ പറ്റു എന്ന അവസ്ഥയിലായിരുന്നു. എന്നാൽ കെഎസ്ആർടിസി ടെക്‌നീഷ്യന്മാരുടെ ഇടപെടലിലൂടെ തൂണിൽ ഇരുമ്പ് വളയം മുറിച്ചെടുത്ത് ബസ് പുറത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഈ ശ്രമമാണ് വിജയം കണ്ടത്. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാന്റ് നിർമ്മിച്ചതിൽ അപകതയുള്ളതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. കൃത്യമായ അകലത്തിൽ അല്ലാതെ തൂൺ നിർമ്മിച്ചതിനാൽ ബസ് പാർക്ക് ചെയ്യുന്നതിന് പ്രയാസം നേരിട്ടിരുന്നു.