യുവതികൾ വസ്ത്രം മാറുന്നത് ഒളിക്യാമറ വെച്ച് പകർത്തിയ മലപ്പുറം സ്വദേശി പോലീസ് പിടിയിൽ

പാമ്പാക്കുട : അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തുന്ന സ്ത്രീകൾക്ക് വസ്ത്രം മാറാൻ നിർമ്മിച്ച മുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ യുവാവാണ് സംഭവത്തിൽ അറസ്റ്റിലായത്. വെള്ളച്ചാട്ടത്തിന് സമീപത്തായി സ്ത്രീകൾ വസ്ത്രം മാറാനായി ഉപയോഗിക്കുന്ന മുറിയിലെ ചൂലിനിടയിൽ ഒളിപ്പിച്ച നിലയിലാണ് ഒളിക്യാമറ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വെള്ളച്ചാട്ടം കാണാനെത്തിയ മൂവാറ്റുപുഴ സ്വദേശികളാണ് ഒളിക്യമാറ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. വസ്ത്രം മാറുന്നതിനായി നിർമ്മിച്ച കെട്ടിടത്തിന് സമീപം ഒരു യുവാവ് ചുറ്റി തിരിയുകയും രണ്ടിൽ കൂടുതൽ തവണ കെട്ടിടത്തിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് കണ്ട് സംശയം തോന്നിയ മൂവാറ്റുപുഴയിൽ നിന്നെത്തിയ യുവതികൾ മുറിയിൽ പരിശോധന നടത്തുകയായിരുന്നു.

മുറിയുടെ ഭിത്തിയിൽ ചാരിവെച്ച ചൂലിനിടയിലാണ് ഇയാൾ ഒളിക്യമാറ സ്ഥാപിച്ചത്. സംഭവം കണ്ടെത്തിയതോടെ യുവാവ് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടെങ്കിലും പോലീസ് വൈകുന്നേരത്തോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പമ്പാകുടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ. അതേസമയം ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.