പൂപ്പാറയിൽ പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

ഇടുക്കി : പൂപ്പാറയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ പതിനഞ്ച് വയസ് പ്രായമുള്ള പെൺകുട്ടി പീഡനത്തിന് ഇരായായ സംഭവത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർ അറസ്റ്റിലായി. അതേസമയം കസ്റ്റഡിയിലുള്ള യുവാക്കളുടെ വിശദാംശങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

ഞായറഴ്ച ബംഗാൾ സ്വദേശിയായ യുവാവിനൊപ്പമാണ് പെൺകുട്ടി പൂപ്പാറയിൽ എത്തിയത്. പെൺകുട്ടിയും സുഹൃത്തും സംസാരിച്ച് നിൽക്കുന്നതിനിടയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന നാലുപേർ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അടിച്ച് ഓടിച്ചു. തുടർന്ന് പെൺകുട്ടിയെ ബലമായി തേയില തോട്ടത്തിലേക്ക് വലിച്ച് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

രണ്ടാഴ്ച മുൻപാണ് ബംഗാൾ സ്വദേശികളായ പെൺകുട്ടിയും കുടുംബവും ഇടുക്കിയിലെത്തിയത്. ജീവിക്കാൻ വഴിയില്ലാതെയായപ്പോഴാണ് ഇടുക്കിയിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി മുഖാന്തിരം ജോലി അന്വേഷിച്ച് ഇവർ ഇടുക്കിയിലെത്തിയത്. തുടർന്ന് ഏലത്തോട്ടത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ.