ഭിന്ന ശേഷിക്കാരിയായ യുവതി തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട : ഭിന്ന ശേഷിക്കാരിയായ യുവതി തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആറന്മുള കോഴിപ്പാലം സ്വദേശി അരുൺ (34) ആണ് അറസ്റ്റിലായത്. മെയ് ആറാം തീയതിയാണ് കേസിനസ്പദമായ സംഭവം നടന്നത്. അരുണിന്റെ ഭാര്യ ശ്യാമ (28) മകൾ ആദിശ്രീ (4) എന്നിവർ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ചികിത്സയിൽ കഴിയവെയാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്.

ഭർതൃ വീട്ടിൽ ശ്യാമ സ്ത്രീധന പീഡനം നേരിട്ടിരുന്നതായി പോലീസ് പറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യ ശ്യാമയെ ഭർത്താവ് അരുൺ നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നു. ശ്യാമയുടെ കുടുംബം ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. അഞ്ച് വർഷം മുൻപാണ് ശ്യാമയും അരുണും തമ്മിലുള്ള വിവാഹം നടന്നത്.

വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷവും അരുൺ പലതവണ സ്ത്രീധനത്തിന്റെ പേരിൽ പണം ആവിശ്യപെടാറുണ്ടായിരുന്നു. പലവട്ടം പണം നൽകിയതായും ശ്യാമയുടെ കുടുംബം പറയുന്നു. അതേസമയം മകളെയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ശ്യാമയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവിശ്യപെട്ട് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് കുടുംബം.