ദാഹിച്ചപ്പോൾ വെള്ളമാണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു ; ബന്ധുവീട്ടിലെത്തിയ ഒന്നരവയസുകാരൻ മരിച്ചു

കൊല്ലം : മണ്ണെണ്ണ കുടിച്ച് ഒന്നര വയസുകാരൻ മരിച്ചു. ചവറ കോട്ടയ്ക്കകം സ്വദേശി ഉണ്ണികൃഷ്ണ പിള്ളയുടെയും,രേഷ്മയുടെയും മകൻ ആരുഷ് ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ഉണ്ണികൃഷ്ണ പിള്ളയുടെ സഹോദരന്റെ പയ്യലക്കാവിലുള്ള വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു ആരുഷ്.

അടുക്കളയിൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുട്ടി എടുത്ത് കുടിക്കുകയായിരുന്നു. ദാഹിച്ചപ്പോൾ വെള്ളമാണെന്ന് കരുതി കുട്ടി മണ്ണെണ്ണ എടുത്ത് കുടിക്കുകയായിരുന്നു. മണ്ണെണ്ണ കുടിച്ചതിനെ തുടർന്ന് കുഴഞ്ഞ് വീണ കുട്ടിയെ ഉടൻ തന്നെ ചവറയിലെ സ്വകാര്യ ആശുപത്രിയിലും കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ കോളേജിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ വൈകുന്നേരം ഏഴുമണിയോടെ കുട്ടി മരണപ്പെടുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.