പ്രണയം നിരസിച്ചതിനെ തുടർന്ന് കോളേജ് വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് : നാദാപുരത്ത് പ്രണയം നിരസിച്ചതിനെ തുടർന്ന് കോളേജ് വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേരോട് സ്വദേശിനി നഹീമയ്ക്കാണ് വെട്ടേറ്റത്. തലയുടെ പുറകിൽ വെട്ടേറ്റ നഹീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നഹീമയുടെ സുഹൃത്തായ മൊകേരി സ്വദേശി റാഫ്‌നാസ് ആണ് വെട്ടിയത്. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. ബൈക്കിൽ പെൺകുട്ടിയെ പിന്തുടർന്നെത്തിയ റഫ്‌നാസ് പെൺകുട്ടിയുടെ തലയുടെ പുറകിൽ വെട്ടുകയായിരുന്നു. സംഭവത്തിന് ശേഷം റഫ്നാസ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

അക്രമത്തിൽ പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാദാപുരത്തെ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം പെൺകുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.