ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ സഹോദരന്റെ തലയിൽ ഫാൻ പൊട്ടി വീണ് പരിക്ക്

ആലപ്പുഴ : ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ സഹോദരന്റെ തലയിൽ ഫാൻ പൊട്ടി വീണ് പരിക്ക്. തകഴി കേളമംഗലം സ്വദേശി അജേഷ് (45) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. ചികിത്സയിൽ കഴിയുന്ന സഹോദരിക്ക് സമീപം നിൽക്കുകയായിരുന്ന അജേഷിന്റെ തലയിലേക്ക് ഫാൻ പൊട്ടി വീഴുകയായിരുന്നു. ഫാൻ പൊട്ടി വീണതിനെ തുടർന്ന് അജേഷിന്റെ തലയ്ക്ക് മുറിവേൽക്കുകയും ഉടൻ തന്നെ ആശുപത്രി അധികൃതർ അജേഷിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും മുറിവ് തുന്നികെട്ടുകയുമായിരുന്നു.

ബസ് യാത്രക്കിടെ തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച സഹോദരിയെ കാണാനെത്തിയതായിരുന്നു അജേഷ്. നിരീക്ഷണ മുറിയിൽ സഹോദരിക്ക് സമീപത്ത് നിൽക്കുമ്പോഴാണ് കറങ്ങി കൊണ്ടിരുന്ന ഫാൻ പൊട്ടി തലയിൽ വീണത്. പഴകി ദ്രവിച്ച ഫാൻ വളരെ വാലിയ ശബ്‍ദത്തിലാണ് കറങ്ങി കൊണ്ടിരുന്നതെന്ന് ആശുപത്രിയിലെ മറ്റ് രോഗികൾ പറയുന്നു.

അതേസമയം കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ജനറൽ ആശുപത്രിയിലെ ഫാൻ ഉൾപ്പടെയുള്ള മുഴുവൻ ഇലക്ട്രിക്ക് ഉപകരണങ്ങളും കുറ്റമറ്റതാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയതാണെന്ന് സ്ഥലം സന്ദർശിച്ച നഗരസഭ അധ്യക്ഷൻ സൗമ്യരാജ് മാധ്യമങ്ങളോട് പറഞ്ഞു.