മുഖ്യമന്ത്രിയുടെയും,കോടിയേരി ബാലകൃഷ്ണന്റേയും ഫണ്ട് വിദേശത്തേക്ക് കടത്തിയത് ബിലീവേഴ്‌സ് ചർച്ച് ; ഷാജ് കിരണിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ബിലീവേഴ്‌സ് ചർച്ച്

തിരുവല്ല : മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണൻെറയും ഫണ്ട് വിദേശത്തേക്ക് കടത്തുന്നത് ബിലീവേഴ്‌സ് ചർച്ച് വഴിയാണെന്ന ഷാജ് കിരണിന്റെ പരാമർശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിലീവേഴ്‌സ് ചർച്ച് സഭ പ്രതിനിധി ഫാ സിജോ ജോസ് പറഞ്ഞു. സ്വപ്ന സുരേഷുമായി ഫോണിൽ സംസാരിക്കവെയാണ് ഷാജ് കിരൺ ബിലീവേഴ്‌സ് ചർച്ചിനെതിരെ പരാമർശം നടത്തിയത്. സ്വപ്ന സുരേഷ് ഈ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്ന് പുറത്ത് വിട്ടിരുന്നു.

സേവന പ്രവർത്തങ്ങൾ നടത്തുകയാണ് ബിലീവേഴ്‌സ് ചർച്ചിന്റെ ലക്‌ഷ്യം. ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പണമിടപാടുകൾ നടത്തുകയല്ല ബിലീവേഴ്‌സ് ചർച്ചെന്നും ഫാ സിജോ ജോസ് വ്യക്തമാക്കി. ഷാജ് കിരണിനെ ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് അറിയുന്നതെന്നും. ഈ സംഭവങ്ങൾക്ക് ഇടയിൽ ബിലീവേഴ്‌സ് ചർച്ചിനെ വലിച്ചിഴച്ചത് എന്തിനാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിലീവേഴ്‌സ് ചർച്ചിന്റെ ഏതോ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഷാജ് കിരണെന്ന് വാർത്തകളിൽ കണ്ടു. എന്നാൽ ഇത് പുറത്ത് വന്ന ശബ്ദരേഖയിൽ പറയുന്നുണ്ടോ എന്നറിയില്ല. പറയുന്നുണ്ടെങ്കിൽ ഷാജ് കിരണിന്റെ മേൽ കേസ് കൊടുക്കുമെന്നും ബിലീവേഴ്‌സ് ചർച്ച് പ്രതിനിധി അറിയിച്ചു.