കുളിമുറിയിൽ വീണതെന്ന് ഭർത്താവും കുടുംബവും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മറ്റൊന്ന് ; നവവധു മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

തൃശൂർ : ഭർതൃ വീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനേയും ഭർതൃ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി അരുൺ (36), അമ്മ ദ്രൗപതി (62) എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

മുല്ലശ്ശേരി സ്വദേശികളായ സുബ്രഹ്മണ്യന്റെയും, ശ്രീദേവിയുടെയും മകൾ ശ്രുതി (26) നെ 2020 ജനുവരി ആറിന് ഭർതൃ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശ്രുതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് ശ്രുതി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ശ്രുതി കുളിമുറിയിൽ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നെന്നാണ് ഭർതൃ വീട്ടുകാർ പോലീസിൽ മൊഴി നൽകിയത്.

അതേസമയം അരുൺ കൂടുതൽ സ്ത്രീധനം ആവിശ്യപ്പെട്ട് ശ്രുതിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ശ്രുതിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ചൂണ്ടി കാണിച്ച് കുടുംബം പരാതി നൽകിയതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ രണ്ട് വർഷമായിട്ടും കേസിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് ശ്രുതിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.