ഭാര്യയുടെ മരണം മകന്റെ മുകളിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ : അമ്പലപ്പുഴയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ദുരൂഹ സാഹചര്യത്തിൽ പുറക്കാട് ശ്യാം നിവാസിൽ രമയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് ശശിയെ പോലീസ് അറസ്റ്റ് ചെയ്തത്. രമയുടെ അസ്വാഭാവിക മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

അമ്മയുടെ മരണത്തിൽ സംശയമുള്ളതായി മകൻ പോലീസിനെ അറിയിച്ചതിന് പിന്നാലെ ശശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ രമയുടെ മരണത്തിൽ തനിക്ക് ബന്ധമില്ലെന്നും മകൻ കൊലപ്പെടുത്തിയതാകാമെന്നും ശശി പോലീസിനോട് പറഞ്ഞു. അതേസമയം രമ മരിക്കുന്ന സമയത്ത് മകൻ ശരത്ത് ചേർത്താലയിൽ പരീക്ഷ എഴുതുന്നതിനായി പോയതായി പോലീസ് കണ്ടെത്തി.

പോലീസ് ചോദ്യം ചെയ്യലിൽ ശശി വ്യത്യസ്ത മൊഴികളാണ് നൽകിയിരുന്നത്. രമ മരിച്ച ദിവസം രമയുടെ സഹോദരി രമയെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. കുറച്ച് കഴിഞ്ഞ് ശശിയെ വിളിച്ചപ്പോഴാണ് രമ മരിച്ചതായി ശശി സഹോദരിയെ അറിയിച്ചത്. രമയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയിലും ശരീരത്തിലുമായി ഏഴോളം മുറിവുകൾ കണ്ടെത്തി. കൂടതെ മർദ്ദനമേറ്റാണ് മരിച്ചതെന്നും കണ്ടെത്തുകയായിരുന്നു.