ബോധപൂർവം ബൈക്ക് ഇടിച്ച് യുവാവിനെ അപായപ്പെടുത്തി വാഹനാപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് : ബോധപൂർവം ബൈക്ക് ഇടിച്ച് യുവാവിനെ അപായപ്പെടുത്തി വാഹനാപകടമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമ്പ് ചെങ്കോൽ വീട്ടിൽ ഗിരീഷ് (33) നെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കൊടുമ്പ് സ്വദേശികളായ കല്ലിങ്കൽ വീട്ടിൽ സജു (33) അക്ഷയ് (24) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗിരീഷും പ്രതികളും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഗിരീഷിനെ പ്രതികൾ പിന്തുടരുകയും തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നു. ബൈക് നിയന്ത്രണം വിട്ട് മറിയുന്നതിനിടയിൽ പ്രതികൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു.

ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ ഗിരീഷ് ഗുരുതരവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് അപകടമെന്നാണ് നാട്ടുകരും പോലീസും ആദ്യം കരുതിയിരുന്നത്. എന്നാൽ സംശയം തോന്നിയ പോലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതക ശ്രമമാണെന്ന് തെളിഞ്ഞത്.