മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ ചേർന്ന് മർദ്ധിച്ച മധ്യവയസ്‌കൻ മരിച്ചു

തിരുവനന്തപുരം : മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ ചേർന്ന് മർദ്ധിച്ച മധ്യവയസ്‌കൻ മരിച്ചു. വേങ്ങാട് സ്വദേശി ചന്ദ്രൻ (50) ആണ് മരിച്ചത്. ക്രൂരമായി മർദ്ദനമേറ്റായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ചന്ദ്രൻ മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ മാസം 28 നാണ് മോഷണക്കുറ്റം ആരോപിച്ച് ചന്ദ്രനെനാട്ടുകാർ ചേർന്ന് കെട്ടിയിട്ട് മർദിച്ചത്. സമീപത്തെ വീടുകളിൽ നിന്നും ചന്ദ്രൻ പാത്രങ്ങൾ മോഷ്ടിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. മോഷണം പോയ പാത്രങ്ങൾ ചന്ദ്രന്റെ പക്കൽ നിന്നും നാട്ടുകാർ കണ്ടെടുത്തതായും പറയുന്നു.

ക്രൂരമായി മർദ്ദനത്തിന് ഇരയായ ചന്ദ്രനെ പോലീസ് എത്തിയാണ് നാട്ടുകാരിൽ നിന്നും മോചിപ്പിച്ചത്. അവശ നിലയിലായിരുന്ന ചന്ദ്രനെ ആദ്യം പോലീസ് സ്റ്റേഷനിലെത്തിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.