നിരവധി കേസുകളിൽ പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ പിഎം നെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ യുടെ വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് ആക്രമിച്ച സംഭവത്തിലുൾപ്പെടെ പ്രതിയായ അർഷോയുടെ ജാമ്യം കോടതി നേരത്തെ റദ്ധാക്കിയിരുന്നു. എന്നാൽ പോലീസ് ഇത് വരെ ആർഷോയെ അറസ്റ്റ് ചെയ്തിരുന്നില്ല. പെരിന്തൽമണ്ണയിൽ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് ആർഷോയെ എസ്എഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കോടതി ജാമ്യം നിഷേധിച്ച പ്രതിയെ സെക്രട്ടറിയയി തിരഞ്ഞെടുത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു.

പോലീസ് അറസ്റ്റ് ചെയ്ത ആർഷോയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ആർഷോ. ഈരാറ്റുപേട്ട സ്വദേശിയായ നിസാമിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ആർഷോ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ നിരവധി കേസുകളിൽ ആർഷോ പ്രതിയായി.

എറണാകുളം ലോ കോളേജിലെ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവത്തിലും ആർഷോയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി പെരിന്തൽമണ്ണയിൽ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തതായി യൂത്ത് കോൺഗ്രസ്സ് ഡിജിപിക്ക് പരാതി നൽകിയിരുന്നു.