രണ്ട് ദിവസം മുൻപാണ് ജിൻസിയെ ഭർത്താവ് കൂട്ടികൊണ്ട് പോയത് ; ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം : നെയ്യാറ്റിൻകര മുളളറ വിളയിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. കഴിഞ്ഞ ദിവസമാണ് ജിൻസിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജിൻസിയുടെ ഭർത്താവ് സുകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഒരുവർഷം മുൻപാണ് ജിൻസിയും,സുകേഷും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ജിൻസിയും,സുകേഷും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായും മദ്യത്തിന് അടിമയായ സുകേഷ് ജിൻസിയെ നിരന്തരം ഉപദ്രവിക്കാറുള്ളതായും ജിൻസിയുടെ പിതാവ് പറഞ്ഞു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്ത്രീധനം ആവിശ്യപ്പെട്ട് ജിൻസിയെ സുകേഷ് മർദിച്ചതായും തുടർന്ന് സ്വന്തം വീട്ടിൽ കൊണ്ട് വിട്ടതായും ജിൻസിയുടെ വീട്ടുകാർ പറയുന്നു. പിന്നീട് ഇരുവീട്ടുകാരും നടത്തിയ ചർച്ചകൾക്കൊടുവിൽ സുകേഷ് ജിൻസിയെ തിരിച്ച് കൂട്ടികൊണ്ട് പോകുകയായിരുന്നു. സ്വന്തം വീട്ടിൽ നിന്നും ഭർതൃ വീട്ടിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് ജിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.