കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ കെ റെയിൽ യാഥാർഥ്യമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ കെ റെയിൽ യാഥാർഥ്യമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി കെ റെയിലിനെതിരെ സമരം ചെയ്യുമ്പോൾ അനുമതി നൽകാൻ കേന്ദ്രസർക്കാർ മടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിളപ്പിൽശാലയിൽ സംഘടിപ്പിച്ച വികസന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനാകു. ശരിയായ കാര്യങ്ങൾ നേടിയെടുക്കുകയാണ് പ്രധാനം. വികസന പ്രവർത്തനങ്ങൾ നടക്കുന്നത് മൂലം തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് കരുതുന്നവരാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സങ്കുചിത നിലപാടുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്ന നിലപാടല്ല കേന്ദ്രസർക്കാരിനുള്ളത്. സമൂഹത്തിൽ വലതുപക്ഷ ശക്തികൾ ജാതീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഇതിനെതിരെ നല്ല രീതിയിൽ ജനങ്ങളെ മുൻനിർത്തി പ്രതിരോധിക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.