എട്ട് വയസുകാരിയെ ലൈംഗീക പീഡനത്തിന് ഇരായാക്കിയ 75 കാരനെ 26 വർഷം കഠിന തടവിന് വിധിച്ച് കോടതി

തൃശൂർ : എട്ട് വയസുകാരിയെ ലൈംഗീക പീഡനത്തിന് ഇരായാക്കിയ 75 കാരനെ 26 വർഷം കഠിന തടവിന് വിധിച്ച് കോടതി. എളനാട് സ്വദേശി കിഴക്കമ്പലം ചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ ഒരുലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ പത്ത് മാസം കൂടി തടവ് ശിക്ഷ കൂടുതൽ അനുഭവിക്കണം.

2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി നിർബന്ധിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിഞ്ഞത്.

പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ കെപി അജയ് കുമാറാണ് കോടതിയിൽ ഹാജരായത്. കേസിൽ പന്ത്രണ്ട് സാക്ഷികളെ വിസ്തരിക്കുകയും പതിനഞ്ചോളം രേഖകൾ ഹാജരാക്കുകയും ചെയ്തു.