പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സഹോദരനും അമ്മാവനും ഉൾപ്പടെ അഞ്ച് പേർ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി പരാതി

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സഹോദരനും അമ്മാവനും ഉൾപ്പടെ അഞ്ച് പേർ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ പ്രതികളായ അമ്മാവനെയും സുഹൃത്തുക്കളായാ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ അഞ്ചാം പ്രതിയായ പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ ഒളിവിലാണ്.

കോയിപ്പുറം സ്വദേശിനിയായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഒരുവർഷത്തോളമായി പീഡനത്തിന് ഇരയായത്. സ്വന്തം വീട്ടിൽ നിന്നും സഹോദരന്റെ പീഡനത്തിന് ഇരയായതിന് ശേഷം അമ്മയുടെ സഹോദരന്റെ വീട്ടിൽ താമസിക്കാനെത്തിയപ്പോഴാണ് അമ്മയുടെ സഹോദരൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

പെൺകുട്ടിയുടെ വീട്ടിലെ സാഹചര്യം മുതലെടുത്ത അമ്മയുടെ സഹോദരന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ പീഡിപ്പിച്ചതായും പോലീസ് പറയുന്നു. പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കുറ്റം ചുമത്തിയാണ് കോയിപ്പുറം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം കേസിൽ ഉൾപ്പെട്ട അമ്മയുടെ കാമുകനായ യുവാവ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

രണ്ട് സുഹൃത്തുക്കൾ ലൈംഗീകമായി പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പെൺകുട്ടി നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. തുടർന്ന് പെൺകുട്ടിയിൽ നിന്നും വനിതാ പോലീസിന്റെ സാന്നിധ്യത്തിൽ മൊഴിയെടുത്തപ്പോഴാണ് സഹോദരനും,അമ്മാവനും പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.