ഭർത്താവിനെ വീഡിയോ കോൾ ചെയ്ത ശേഷം ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ ഭർത്താവിന്റെ മാനസിക പീഡനങ്ങളെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശി നാസർ (25) ആണ് അറസ്റ്റിലായത്. നാസറിനെ വീഡിയോകോൾ ചെയ്ത ശേഷം ഭാര്യ അനീഷ (21) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നാസറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

നാസർ അനീഷയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു. ഇരുവരുടെയും ഫോൺ പരിശോധിച്ചതിൽ നിന്ന് നാസർ അനീഷയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇതേ തുടർന്നാണ് നാസറിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

2021 ജൂലൈലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനീഷയുടെ മരണത്തിൽ ഭർത്താവ് നാസറിന് പങ്കുണ്ടെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ പോലീസ് നാസറിനെതിരെ നടപടി സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് അനീഷയുടെ പിതാവ് മുഖ്യമന്ത്രിക്കും,ഡിജിപിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശ പ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

നാസറും അനീഷയും വഴക്കിടുന്നത് പതിവായിരുന്നെന്നും. നാസറിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്നും കുടുംബം പറയുന്നു. അനീഷയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിലുള്ള മനോവിഷമത്തിലാണ് മകൾ ആത്മഹത്യ ചെയ്തതെന്നും പിതാവ് പറഞ്ഞു. കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിയതിന് ശേഷം തൊട്ടിലിന്റെ കയറിൽ തന്നെ തൂങ്ങി മരിക്കുകയ്യായിരുന്നു അനീഷ. അനീഷയും നാസറും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.