മരണത്തിന് ഉത്തരവാദി ഭാര്യയും സുഹൃത്തുക്കളും, ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ കാർ അപകടത്തിൽ അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം : കാർ ടാങ്കർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് സ്വദേശി പ്രകാശ് ദേവരാജ് (50), മകൻ ശിവദേവ്‌ (12) എന്നിവരാണ് മരിച്ചത്. ആത്മത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ ആറ്റിങ്ങലിനടുത്തുള്ള ദേശീയപാതയിലാണ് അപകടം നടന്നത്.

കൊല്ലത്ത് നിന്നും വരികയായിരുന്ന ടാങ്കർ ലോറിയിലേക്ക് ഇവർ സഞ്ചരിച്ച ആൾട്ടോ കാർ ഇടിച്ച് കയറുകയായിരുന്നു. അപകടം നടന്നയുടൻ പോലീസും നാട്ടുകാരും ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി സൂചനയുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രകാശ് ദേവരാജ് തന്റെ ഫേസ്‌ബുക്കിൽ വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയ്‌ക്കെതിരെ പോസ്റ്റുകൾ പബ്ലിഷ് ചെയ്തിരുന്നു. ഭാര്യയുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങളും പ്രാകാശ് ദേവരാജ് ഷെയർ ചെയ്തിരുന്നു. കൂടാതെ ഇവരാണ് മരണത്തിന് ഉത്തരവാദികൾ എന്ന പോസ്റ്റും പ്രകാശൻ പങ്കുവെച്ചിരുന്നു. കുടുംബ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.