വ്യാജരേഖയുണ്ടാക്കി നാല് കോടി രൂപയുടെ വായ്‌പ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

കാസർഗോഡ് : വ്യാജരേഖയുണ്ടാക്കി നാല് കോടി രൂപയുടെ വായ്‌പ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിനിമാ നിർമ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശിയായ എംഡി മെഹഫിസ് ആണ് അറസ്റ്റിലായത്. വ്യാജരേഖയുണ്ടാക്കി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് നിരവധി തവണകളായി നാല് കോടി പതിനേഴ് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. രണ്ട് വർഷം മുൻപാണ് ഇയാൾ വ്യാജ രേഖ ഉപയോഗിച്ച് പണം തട്ടാൻ ആരംഭിച്ചത്. ദിവസങ്ങൾക്ക് മുൻപ് സംശയം തോന്നിയതിനെ തുടർന്ന് രേഖകൾ പരിശോധിച്ചപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.

രണ്ട് വർഷത്തിനുള്ളിൽ ഒന്നിലധീകം വ്യാജ രേഖകൾ നിർമ്മിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കോൺട്രാക്ടർ ആയി ജോലി ചെയ്യുന്ന മെഹഫീസ് സിനിമ നിർമ്മാണ മേഖലയിലും സജീവമാണ്. മെഹഫീസ്‌ നിർമ്മിച്ച പുതിയ സിനിമ അടുത്ത മാസം റിലീസ് ചെയ്യാനിരിക്കെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

വായ്‌പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി. തട്ടിപ്പ് നടത്തുന്നതിനായി മറ്റാരെങ്കിലും മെഹഫീസിനെ സഹായിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.