ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൊച്ചി : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. എറണാകുളം പള്ളിക്കര സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. വാളയാർ പൊലീസിന് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഒരു വർഷത്തോളമായി പെൺകുട്ടിയെ പ്രതി പീഡിപ്പിച്ച് വരികയായിരുന്നു.

ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് വിശ്വാസം പിടിച്ച് പറ്റിയ പ്രതി പാലക്കാടെത്തി പെൺകുട്ടിയെ നേരിട്ട് കണ്ടിരുന്നു. രണ്ടാം വട്ടം പെൺകുട്ടിയെ പൊൽപ്പുള്ളിയിലേക്ക് വിളിച്ച് വരുത്തുകയും നിർബന്ധപൂർവം ലോഡ്ജ് മുറിയിൽ എത്തിച്ച ശേഷം ലൈംഗീക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

പീഡനത്തിനിടയിൽ പ്രതി ദൃശ്യങ്ങൾ പെൺകുട്ടി അറിയാതെ മൊബൈലിൽ പകർത്തിയിരുന്നു. ഇതിനിടയിൽ പെൺകുട്ടി തുടർന്നുള്ള കൂടികാഴ്ചകൾക്ക് വിസമ്മതിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ കൊടുത്ത ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് നിരന്തരം പീഡിപ്പിക്കുകയുമായിരുന്നു. എറണാകുളത്ത് പിക് അപ് വാൻ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രതി.

നിരന്തരം ഭീഷണിപ്പെടുത്തിയുള്ള പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും വീട്ടുകാർ പോലീസിൽ പരാതി നല്കുകയുമായിരുന്നു. പോലീസ് അന്വേഷണത്തിൽ പ്രതിയുടെ ഫോണിൽ നിന്നും ദൃശ്യങ്ങൾ കണ്ടെടുക്കുകയും പ്രതി വാളയാറിൽ എത്തിയിരുന്നതിന്റെ തെളിവുകളും ലഭിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.