അഭിഭാഷകനും ബിജെപി നേതാവുമായ ശങ്കു ടി ദാസിന് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക്

മലപ്പുറം : അഭിഭാഷകനും ബിജെപി നേതാവുമായ ശങ്കു ടി ദാസിന് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ ചമ്രവട്ടം പെരുന്നല്ലൂരിൽ വെച്ചാണ് അപകടം നടന്നത്. ഓഫിസിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശങ്കു സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുന്നതിന് മുൻപായി വലിയ ശബദം കേട്ടതായി പരിസരവാസികൾ പറയുന്നു.

അപകടം നടന്നതിന് ശേഷം കുറച്ച് സമയം റോഡിൽ കിടന്ന ശങ്കുവിനെ തിരിച്ചറിഞ്ഞ ബിജെപി പ്രവർത്തകനായ യുവാവാണ് ആശുപത്രിയിൽ എത്തിച്ചത്. ഇമ്പിച്ചിബാവ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നേടിയതിന് ശേഷം ശങ്കുവിനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ വയറിന് ഏറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു.

സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായ ശങ്കു ടി ദാസിന് നിരവധി ശത്രുക്കൾ ഉള്ളതായാണ് വിവരം. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതികരണം നടത്തിയ ശങ്കു ടി ദാസ് ബിജെപി നേതാവ് സന്ദീപ് വാര്യരെ അപകീർത്തിപ്പെടുത്തി മാതൃഭൂമി ചാനലിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു.