ഇംഗ്ളീഷ് അക്ഷരമാല പഠിച്ചില്ല നാല് വയസുകാരനെ മർദിച്ച ട്യൂഷൻ ടീച്ചർ അറസ്റ്റിൽ

കൊച്ചി : ഇംഗ്ളീഷ് അക്ഷരമാല പഠിക്കാത്തതിനെ തുടർന്ന് നാല് വയസുകാരനെ ട്യൂഷൻ ടീച്ചർ ക്രൂരമായി മർദിച്ചതായി പരാതി. എറണാകുളം പള്ളുരുത്തി സ്വദേശിയായ കുട്ടിക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടി ക്രൂരമർദ്ദനത്തിന് ഇരയായതായാണ് വിവരം. ചൊവ്വാഴ്ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് മർദ്ദനമേറ്റ വിവരം വീട്ടുകാരറിഞ്ഞത്. കുട്ടിയുടെ ശരീരത്തിൽ ചൂരൽ ഉപയോഗിച്ച് അടിച്ചതിന്റെ പാടുകൾ കണ്ടതോടെ കുട്ടിയോട് വീട്ടുകാർ കാര്യം തിരക്കുകയായിരുന്നു. ഇംഗ്ളീഷ് അക്ഷരമാല പഠിക്കാത്തതിനാൽ ട്യൂഷൻ ടീച്ചർ മർദിച്ചതാണെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വീട്ടുകാർ ടീച്ചർക്കെതിരെ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്യുകയായിരുന്നു.