പിണങ്ങിപോയ ഭാര്യയെയും പെൺമക്കളെയും പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കോട്ടയം : പിണങ്ങിപോയ ഭാര്യയെയും പെൺമക്കളെയും പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കട്ടപ്പന സ്വദേശി വിജേന്ദ്രൻ (45) ആണ് അറസ്റ്റിലായത്. ഗാന്ധിനഗർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുടുംബ വഴക്കിനെ തുടർന്ന് പിണങ്ങി പോയ വിജേന്ദ്രന്റെ ഭാര്യ ലക്ഷ്മിയും (40) രണ്ട്‍ പെൺമക്കളും മറ്റൊരു വീട്ടിൽ താമസിച്ച് വരികയായിരുന്നു. വഴക്ക് പറഞ്ഞ് തീർക്കാനാണെന്ന് പറഞ്ഞാണ് വിജേന്ദ്രൻ വീട്ടിലെത്തിയത്. തുടർന്ന് സംസാരിക്കുന്നതിനിടയിൽ പെട്രോൾ ഒഴിച്ച് തീ വെയ്ക്കാൻ ശ്രമിക്കുകയായിരുന്നു.

അപകടം മനസിലാക്കിയ ലക്ഷിയും പെൺമക്കളും അടുക്കളവാതിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് ലിറ്ററിന്റെ കന്നാസിലാണ് ഇയാൾ പെട്രോൾ കൊണ്ടുവന്നത്. കൈയിൽ പെട്രോൾ കണ്ടതോടെ ലക്ഷ്മി ഇയാളെ സംശയിച്ചിരുന്നതായും പോലീസ് പറഞ്ഞു.