ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി

വാരണാസി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. വാരണാസിയിൽ നിന്ന് ലക്‌നൗ വിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ പറന്നുയർന്നതിന് പിന്നാലെ പക്ഷി ഇടിക്കുകയായിരുന്നു. തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്ത ഹെലികോപ്റ്റർ ഉപേക്ഷിച്ച് യോഗി ആദിത്യനാഥ് റോഡ് മാർഗം ലാൽ ബഹുദൂർ വീമാനത്താവളത്തിലെത്തുകയും വിമാനമാർഗം ലക്നൗവിലേക്ക് പോകുകയുമായിരുന്നു.

ഹെലികോപ്റ്ററിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് മുൻ കരുതൽ എന്ന നിലയ്‌ക്കാണ്‌ അടിയന്തിരമായി ഹെലികോപ്റ്റർ ലാൻഡ് ചെയ്തതെന്ന് വാരാണസി ജില്ലാ മജിസ്‌ട്രേറ്റർ കൗശൽ രാജ് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഹെലികോപ്റ്ററിന് ഏതെങ്കിലും വിധത്തിൽ തകരാറുകൾ സംഭവിച്ചിട്ടുണ്ടോ എന്നുള്ളത് പരിശോധിച്ച് വരികയാണ്.

സുരക്ഷയുടെ ഭാഗമായാണ് തുടർന്ന് ഹെലികോപ്റ്ററിൽ യോഗി ആദിത്യനാഥിനെ യാത്രചെയ്യാൻ അനുവദിക്കാത്തതെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.