പാമ്പ് കടിയേറ്റത് അറിഞ്ഞില്ല ; മണ്ണഞ്ചേരിയിൽ വിറക് എടുക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ : മണ്ണഞ്ചേരിയിൽ വിറക് എടുക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് സ്വദേശി പ്രകാശന്റെ ഭാര്യ ദീപ (44) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനായി വിറക് പുരയിൽ അടുക്കിയിട്ടിരുന്ന വിറക് എടുക്കുന്നതിനിടയിൽ പാമ്പ് കടിക്കുകയായിരുന്നു.

അതേസമയം പാമ്പ് കടിച്ച വിവരം വീട്ടമ്മ അറിഞ്ഞിരുന്നില്ല വിറക് കൊണ്ട് കൈ മുറിഞ്ഞെന്നാണ് ആദ്യം ദീപ കരുതിയത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ മുറിവേറ്റ ഭാഗത്ത് നിറവ്യത്യാസം കാണുകയും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്ക്കാരം ഞായറാഴ്ച ഉച്ചയോടെ വീട്ടുപളപ്പിൽ നടക്കും.