ആക്രി പെറുക്കാൻ വന്നവർ പീഡിപ്പിച്ചെന്ന് വീട്ടുകാർ, പതിമൂന്ന്കാരി പ്രസവിച്ച സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ

പാലക്കാട് : മണ്ണാർക്കാട് പതിമൂന്ന് വയസുകാരി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ അറസ്റ്റിൽ. പതിനാറുകാരനാണ് അറസ്റ്റിലായത്. രണ്ട് മാസം മുൻപ് കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പെൺകുട്ടി പ്രസവിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി മനസിലായതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വീട്ടുകാരിൽ നിന്നും മൊഴി എടുത്തെങ്കിലും വീട്ടിൽ അതിക്രമിച്ച് കയറിയ ആക്രി പെറുക്കുന്നവരാണ് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് വീട്ടുകാർ പോലീസിനോട് പറഞ്ഞത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പെൺകുട്ടിയുടെ സഹോദരനാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.