യുവതിയെ വീട്ടിലെ കിടപ്പ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കൊല്ലം : പുനലൂരിൽ യുവതിയെ വീട്ടിലെ കിടപ്പ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മണിയാറിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇടക്കുന്ന് സ്വദേശി മഞ്ജു (35) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് അച്ചൻകോവിൽ സ്വദേശി മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ജുവിനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതിന് ശേഷം മണികണ്ഠൻ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

വിവാഹത്തിന് ശേഷം മഞ്ജുവിന്റെ വീടിന് സമീപത്തുള്ള വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ മഞ്ജുവിന്റെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് മഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ പുതപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മഞ്ജുവിന്റെ മൃതദേഹം. കൈയിലെ ഞരമ്പ് മുറിച്ച് കഴുത്തിൽ വയർ കുരുക്കിയ നിലയിൽ മണികണ്ഠനെ കണ്ടെത്തുകയായിരുന്നു.

മഞ്ജുവിന്റെ സഹോദരൻ പ്രമോദ് ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മണികണ്ഠനെ അറസ്റ്റ് ചെയ്യുകയും മഞ്ജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ മണികണ്ഠൻ മദ്യ ലഹരിയിൽ മഞ്ജുവുമായി വഴക്കിടാറുള്ളതായി അയൽവാസികൾ പറയുന്നു. മഞ്ജുവിനെ മർദ്ധിക്കാറുള്ളതായും കഴിഞ്ഞ വെള്ളിയാഴ്ച ഇവരുടെ വീട്ടിൽ നിന്ന് വഴക്കിടുന്നതിനെ ബഹളം കേട്ടതായും സമീപവാസികൾ പറഞ്ഞു.