റോഡിൽ കെട്ടിക്കിടന്ന വെള്ളത്തിൽ കയറിയ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ : റോഡിൽ കെട്ടിക്കിടന്ന വെള്ളത്തിൽ കയറിയ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശിനിയും മംഗലാപുരം യെനപോയ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ ഫൗസിയ (21) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ബന്ധുവായ യുവാവിനെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. പെരുന്നാൾ അവധിയായതിനാൽ മംഗലാപുരത്ത് നിന്ന് ട്രെയിനിൽ ആലുവയിലെത്തിയ ഫൗസിയ ബന്ധുവിനൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു. ആലപ്പുഴ ബൈപ്പാസിൽ കെട്ടിക്കിടന്ന വെള്ളത്തിൽ കയറിയ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് പൊലീസിന് മൊഴി നൽകി.

എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ ബൈപ്പാസിന്റെ കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫൗസിയയുടെ ജീവൻ രക്ഷിക്കാനായില്ല.