കാറിൽ നിന്നും ഇറങ്ങി സ്‌കൂൾ ബസ് കയറാനായി റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ : കാറിൽ നിന്നും ഇറങ്ങി സ്‌കൂൾ ബസ് കയറാനായി റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് അപകടം നടന്നത്. അലവിൽ സ്വദേശിനിയും പ്ലസ് വാൻ വിദ്യാർത്ഥിനിയുമായ നന്ദിത പി കിഷോർ (16) ആണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം കാറിൽ സ്‌കൂളിലേക്ക് പോയ നന്ദിത സ്‌കൂൾ ബസ് കയറുന്നതിനായി റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെയോടെയാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പരശുറാം എക്സ്പ്രസാണ് നന്ദിതയെ ഇടിച്ച് തെറിപ്പിച്ചത്. അടച്ചിരുന്ന റെയിൽവേ ഗേറ്റ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിൽ എത്തിയ ട്രെയിനിൽ കുട്ടിയുടെ സ്‌കൂൾ ബാഗ് കുരുങ്ങിയാണ് അപകടമുണ്ടായത്.

നന്ദിതയുടെ മാതാവ് ലിസി നോക്കി നിൽക്കവെയാണ് അപകടം സംഭവിച്ചത്. അപകടം നടന്നയുടൻ നാട്ടുകാർ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്ദിതയുടെ പിതാവ് നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.