പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം

മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. കക്കൂത്ത് കിഴക്കേക്കര സ്വദേശി റസീബിനെയാണ് കോടതി ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തത്തിന് പുറമെ 280000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.

ഒൻപതും പതിനൊന്നും വയസുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. 2012 മുതൽ 2016 വരെയാണ് പ്രതി പെൺകുട്ടികളെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ശരീരത്തിൽ കമ്പി കൊണ്ട് വരയുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതി പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു

രണ്ട് കേസുകളിലുമായി 34 സാക്ഷികളെ അന്വേഷണ സംഘം ഹാജരാക്കി. സജു കെ എബ്രഹാം, എംഎം സിദിഖ്, ജോമി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയത്.