കളിയിക്കാവിളയിൽ എസ്ഐയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്കിനെ കുറിച്ച് കേട്ടാൽ ഞെട്ടും

കളിയിക്കാവിളയിൽ തമിഴ്നാട് എ എസ് ഐ വിൽസനെ വെടിവെച്ച് കൊല്ലാൻ ഉപയോഗിച്ച തോക്ക് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഓടയിൽ നിന്നും കണ്ടുകിട്ടി. ഈ തോക്ക് ഇറ്റാലിയൻ നിർമ്മിതമാണെന്ന് സൈനികർക്ക് വേണ്ടി പ്രത്യേകം ഉപയോഗിക്കാനുള്ള തോക്ക് ആണെന്നും പറയുന്നു.

കൊലയ്ക്കുശേഷം പ്രതികൾ കളിയിക്കാവിളയിൽ നിന്നും രക്ഷപ്പെട്ടു എറണാകുളത്തേക്ക് എത്തുകയായിരുന്നു. ശേഷം കൊലപാതകത്തെ കുറിച്ചുള്ള വാർത്ത മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ പ്രതികളായ അബ്ദുൽ ഷമീമും, തൗഫീക്കും തോക്ക് ഓടയിൽ ഉപേക്ഷിച്ചു ഉഡുപ്പിയിലേക്ക് മുങ്ങുകയായിരുന്നു. പൊലീസിന്‍റെ ശക്തമായ തിരച്ചിലിനൊടുവിൽ ഇരുവരെയും പിടികൂടുകയായിരുന്നു. വെടിവെക്കാൻ ഉപയോഗിച്ച തോക്ക് ബാംഗ്ലൂർ സ്വദേശിയായ ഇജ്ജസ് പാഷയാണ് നൽകിയതെന്നും മുംബൈയിൽ നിന്നുമാണ് തോക്ക് വാങ്ങിയതെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പാളയം കോട്ട ജയിലിൽ കഴിയുന്ന പ്രതികളെ എറണാകുളത്ത് തെളിവെടുപ്പിനായി എത്തിച്ചു. ഇത്തരത്തിലുള്ള ഒരു തോക്ക് എങ്ങനെ ഇവരുടെ കയ്യിൽ എത്തി എന്നുള്ളതിനെ കുറിച്ച് അന്വേഷിക്കുമെന്നും ക്യൂ ബ്രാഞ്ച് ഡിവൈഎസ്പി കെ ഗണേശൻ പറഞ്ഞു. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തമിഴ്നാട് നാഷണൽ ലീഗ് എന്ന പേരിലുള്ള ഭീകര സംഘടനയിൽ പ്രവർത്തിച്ചുവന്നിരുന്നവരാണ് അറസ്റ്റിലായിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു