ഒടുവിൽ അയാൾ എത്തി, ഇനി പ്രക്ഷോപങ്ങളുടെയും പോരാട്ടങ്ങളുടെയും കാലമെന്നു കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രനെ തിരഞ്ഞെടുത്തതോടെ അണികൾക്കിടയിൽ ആവേശം ഉയർന്നിരിക്കുകയാണ്. ഇനിയുള്ള കാലം സംസ്ഥാന സർക്കാരിന്റെ കൊള്ളരുതായ്മയ്ക്കും അനീതിയ്ക്കുമെതിരെ ശക്തമായ പ്രക്ഷോപങ്ങളും പോരാട്ടങ്ങളും സംഘടിപ്പിക്കുമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. കേരള പോലീസിൽ വെടിയുണ്ടകളുടെയും തോക്കുകളുടെയും കാര്യത്തിൽ പോലും വ്യാപക അഴിമതിയാണ് നടന്നിരിക്കുന്നത്.

ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും കൂടാതെ സി എ ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന അഴിമതി മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമാണെന്നു വ്യാജപ്രചരണം നടത്തി ന്യൂനപക്ഷ വോട്ടുകൾ നേടാനുള്ള കുതന്ത്രങ്ങളാണ് പ്രതിപക്ഷവും ഭരണപക്ഷവും കൂടി ചേർന്നു നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം വ്യാജപ്രചാരണങ്ങളെ ഇനിയുള്ള ദിവസങ്ങളിൽ ബിജെപി പൊളിച്ചടുക്കുമെന്നും അതിനായി പ്രവർത്തനങ്ങൾ ഊര്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിൽ ഗ്രുപ്പുകൾ ഇല്ലെന്നും എല്ലാവരും ഒന്നിച്ചു മുന്നോട്ട് പോകുമെന്നും ബിജെപി നേതാക്കളുമായി ആലോചിച്ചു സമരപരിപാടികളും പ്രവർത്തനങ്ങളും തീരുമാനിക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നന്ദയാണ് കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്.