പിണറായി സർക്കാരിന്റെ ആഡംബര ധൂർത്ത് ; വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം: രണ്ടാം ലോക കേരളസഭ സമ്മേളനത്തിൽ ആഡംബര ധൂർത്ത് നടത്തിയതിൽ പിണറായി വിജയനെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കി വിവരാവകാശരേഖ പുറത്ത് വിട്ടു. സഭയിൽ പങ്കെടുത്ത പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനുമായി ഒരുകോടി രോപയോളം ചിലവിട്ടതായി വിവരാവകാശ രേഖയിൽ പറയുന്നു.

കോവളത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനു മാത്രം 60 ലക്ഷം രൂപയോളമായെന്നു രേഖയിൽ ചൂണ്ടികാട്ടുന്നു. കൂടാതെ ആഡംബര ഹോട്ടലുകളിൽ താമസിച്ചതിന്റെ ബില്ല് വേറെയുമുണ്ടെന്നു രേഖകൾ വ്യക്തമാക്കുന്നു. ജനുവരി 1, 2, 3 തീയതികളിലായാണ് രണ്ടാം ലോക കേരള സഭ സമ്മേളനം നടന്നത്. സഭയിൽ ഭരണപക്ഷത്തുള്ള എം എൽ എമാരും, എം പിമാരും കൂടാതെ 178 പ്രവാസി പ്രതിനിധികാളുമാണ് പങ്കെടുത്തത്.

ഡിസംബർ 20 ന് ചേർന്ന ഉന്നതാധികാര സമിതിൽ ഭക്ഷണകാര്യങ്ങൾ ഇവന്റ് മാനേജ്മെന്റിന് നൽകാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഭക്ഷണത്തിന്റെ അളവോ, എത്ര പേർക്ക് വേണമെന്നുള്ള കണക്കുകളോ ഇല്ലാത്തതിനാലാണ് ഇത്തരം ഒരു തീരുമാനം എടുത്തത്. തുടർന്ന് കോവളം രാവീസ് ഹോട്ടലിൽ ഭക്ഷണ കാര്യത്തിന്റെ ചുമതല ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഭക്ഷണത്തിന്റെ തുക കൂടുതലാണെന്നു 28 ന് ചേർന്ന സമിതിയിൽ പറഞ്ഞു.

ശേഷം ഹോട്ടൽ അധികൃതരുമായി നടത്തിയ ചർച്ചയിൽ അന്തിമമായി 5982600 രൂപയുടെ ഭക്ഷണ ബില്ല് അംഗീകരിക്കുകയായിരുന്നു. ഇതുകൂടാതെ സഭയിൽ പങ്കെടുക്കാൻ എത്തുന്ന പ്രതിനിധികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി ഗസ്റ്റ്‌ ഹൗസിനും റസ്റ്റ്‌ ഹൗസിനും പുറമെ ഏഴ് ഹോട്ടലുകളും ബുക്ക്‌ ചെയ്തിരുന്നു. ഇതിനായി മാത്രം ചിലവായത് 2342725 രൂപയോളമാണെന്നും വിവരാവകാശ രേഖയിൽ ചൂണ്ടക്കാണിക്കുന്നു