105 ആം വയസിൽ ഉയർന്ന മാർക്കോടെ നാലാംക്ലാസ്സ്‌ പരീക്ഷ പാസ്സായ ഭാഗീരഥിയമ്മയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി

കൊല്ലം: 105 ആം വയസിൽ നാലാം ക്ലാസ്സ്‌ പരീക്ഷ എഴുതി ഉയർന്ന മാർക്കോടെ ജയിച്ച ഭാഗീരഥിയമ്മയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. അമ്മയെ പോലുള്ളവർ രാജ്യത്തിനു പ്രചോദനമായി മാറുകയാണെന്നും രാജ്യത്തിനു അവർ ശക്തി പകരുമെന്നും പ്രധാനമന്ത്രി ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാലാം ക്ലാസ് തതുല്യ പരീക്ഷയിൽ ഭഗീരഥിയമ്മ പാസ്സായ വിവരം മാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്നു. വളരെ ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട ഭഗീരഥിയമ്മയ്ക്ക് ഒൻപതാം വയസിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നു.

വളരെ കാലം മുതലേയുള്ള ആഗ്രഹമായിരുന്നു പഠിക്കണമെന്നത്. ഒടുവിൽ പഠിച്ചു പരീക്ഷയിൽ 75 ശതമാനം മാർക്കോടെ ജയിക്കുകയും, കണക്കിന് നൂറ് ശതമാനം മാർക്ക് നേടുകയും ചെയ്തു. ഇനിയും മുന്നോട്ട് തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ടെന്നും ഭഗീരഥിയമ്മ വ്യക്തമാക്കി. ചെറുപ്പത്തിലേ ഭർത്താവ് നഷ്ടപ്പെട്ട ഭഗീരഥിയമ്മ മക്കളും മരുമക്കളും പേരകുട്ടികളുമൊക്കെയായി സന്തോഷത്തോടെ കഴിയുകയാണ്. 105 ആം വയസിലും ഉയർന്ന മാർക് വാങ്ങി അമ്മ ജയിച്ചതിന്റെ സന്തോഷത്തിലാണ് സ്വന്തം നാടും കുടുംബവും.