കൊല്ലം : പ്രാർത്ഥനകൾ വിഫലമാക്കികൊണ്ട് ദേവനന്ദ യാത്രയായി എന്ന വാർത്ത കേരളം കേട്ടത് ഞെട്ടലോടെയാണ്. ഇന്നലെ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടി ഇന്ന് ആറ്റിൽ മരിച്ച് കിടക്കുന്ന കാഴ്ച സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു പ്രദേശവാസികൾക്ക്. പുതുവർഷത്തിൽ ഇത്തിക്കരയാറ്റിലെ രണ്ടാമത്തെ മരണമാണ് ദേവനന്ദയുടേത്. കൃത്യം ഒരു മാസം മുൻപാണ് പാരിപള്ളിയിലെ ബിരുദ വിദ്യാർത്ഥിനി ഐശ്വര്യയെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടത്തിയത്.
കോളേജിലേക്ക് പോയ ഐശ്വര്യ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തിക്കരയാറ്റിൽ പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം നടന്ന് വരികയാണ്. ഐശ്വര്യ മരണപ്പെട്ടത് കഴിഞ്ഞ മാസം പതിനെട്ടാം തീയ്യതിയാണ്.
ഐശ്വര്യയുടെ മരണത്തെ തുടർന്നുണ്ടായ ഞെട്ടലിൽ നിന്നും നാട്ടുകാർ മുക്തരാവും മുൻപാണ് ദേവനന്ദയുടെ മരണ വാർത്ത നാട്ടുകാരെ തേടിയെത്തിയത്. ദേവനന്ദ പുറത്ത് പോയി കളിക്കാത്ത കുട്ടിയാണെന്നും. പുഴയോരത്തേക്ക് ഒറ്റയ്ക്ക് നടന്ന് പോകാൻ സാധ്യത ഇല്ലെന്നും നാട്ടുകാർ ഉറച്ചു വിശ്വസിക്കുന്നു. ബലപ്രയോഗം നടത്തിയ പാടുകളോ. ആക്രമിച്ച പാടുകളോ ദേഹത്തില്ലെന്ന് പോലീസ് വ്യക്തമാക്കി.