തനിക്ക് അർഹിക്കാത്ത അവാർഡ് നിരസിക്കുന്നതാണ് ഔന്നത്യം. ആ ഔന്നത്യം ശ്രീ.പ്രഭാവർമ്മ കാണിച്ചെങ്കിൽ അത് അഭിനന്ദനാർഹം തന്നെ: സന്ദീപ്‌ വാര്യര്‍

ഗുരുവായൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം സ്വീകരിക്കുകയില്ലെന്നു സത്യസന്ധമായ നിലപാടെടുത്ത ശ്രീ പ്രഭാവർമ്മയ്ക്ക് അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. പ്രഭാവർമ്മയ്ക്ക് അവാർഡ് നൽകിയ സംഭവമല്ല തന്നെ ഭയപ്പെടുത്തുന്നതെന്നും ഇത്തരത്തിൽ പോയാൽ വരുന്ന വർഷം ജി സുധാകരന് പൂന്താനം ജ്ഞാനപ്പാന അവാർഡ് നൽകുമോ എന്ന ചിന്തയാണ് ഇപ്പോൾ ഉള്ളതെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇക്കാര്യം വിവരിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ബഹു.പ്രഭാവർമ്മ , ആദ്യമായി അഭിനന്ദനങ്ങൾ നേരട്ടെ . തന്റേത് ഭക്തകാവ്യം അല്ലെന്നും സാഹിത്യകൃതിയായി മാത്രം പരിഗണിച്ചാൽ മതിയെന്നും ശ്രീ.പ്രഭാവർമ്മ 24 ന്യൂസ് ചാനൽ ചർച്ചയിൽ പറയുന്നത് കേട്ടു

ഭക്തകാവ്യം എന്ന നിലയ്ക്കാണ് പരിഗണിച്ചതെങ്കിൽ ‘ശ്യാമമാധവം’ എന്ന കൃതിക്ക് ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പൂന്താനം ജ്ഞാനപ്പാന പുരസ്കാരം സ്വീകരിക്കുകയില്ല എന്ന സത്യസന്ധമായ നിലപാടിനാണ് ശ്രീ. പ്രഭാവർമ്മയ്ക്ക് അഭിനന്ദനങ്ങൾ നേരുന്നത്.

ഒരു സാഹിത്യകൃതി എന്ന നിലയ്ക്ക് ശ്യാമമാധവം നിലവാരം പുലർത്തുന്നു. അതുകൊണ്ടുതന്നെയാണ് ആ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.

എന്നാൽ ഗുരുവായൂർ ദേവസ്വം ഭക്തരുടെ കാശെടുത്ത് ഭക്തകവി പൂന്താനത്തിന്റെ പേരിൽ നൽകുന്ന പുരസ്കാരം നിർണയിക്കുന്നത് സംബന്ധിച്ച് ചില മാനദണ്ഡങ്ങളുണ്ട്. ഭക്തി തന്നെയാണ് ആ മാനദണ്ഡം. ദേവസ്വംകാർക്ക് പ്രിയപ്പെട്ട മാർക്സിസ്റ്റ് കവികൾക്ക് തോന്നിയ പോലെ എടുത്തു കൊടുക്കാനുള്ളതല്ല പൂന്താനം ജ്ഞാനപ്പാന അവാർഡ്.

തനിക്ക് അർഹിക്കാത്ത അവാർഡ് നിരസിക്കുന്നതാണ് ഔന്നത്യം. ആ ഔന്നത്യം ശ്രീ.പ്രഭാവർമ്മ കാണിച്ചെങ്കിൽ അത് അഭിനന്ദനാർഹം തന്നെ.

വാസ്തവത്തിൽ എന്നെ ഭയപ്പെടുത്തിയത് പ്രഭാവർമ്മയ്ക്ക് അവാർഡ് നൽകിയ നടപടിയല്ല. ഇങ്ങനെപോയാൽ ഗുരുവായൂർ ദേവസ്വം ബോർഡ് അടുത്തവർഷം ജി സുധാകരന് പൂന്താനം ജ്ഞാനപ്പാന അവാർഡ് നൽകുമോ എന്ന ചിന്തയാണ്.

അഭിപ്രായം രേഖപ്പെടുത്തു