മരപ്പട്ടിയെ തലകീഴായി തൂക്കി പിടിച്ച വാവ സുരേഷിനെതിരെ സോഷ്യൽ മീഡിയ: കേസെടുക്കണമെന്ന ആവശ്യം ഉയരുന്നു

പാമ്പ് പിടുത്തതിന്റെ രാജാവായ വാവ സുരേഷ് മരപ്പട്ടിയുടെ വാലിൽ പിടിച്ചു തലകീഴായി നിർത്തി കൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ വാവ സുരേഷിനെതിരെ ആയിരങ്ങളാണ് വിമർശനവുമായി രംഗത്തെത്തിയത്. മരപ്പട്ടിയെ പിടിക്കുകയും അതിന്റെ വാലിൽ പിടിച്ചു തലകീഴായി നിർത്തി കൊണ്ട് ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് വിമർശങ്ങൾ ഉയർന്നു വരുന്നത്.

സംഭവത്തിൽ വാവ സുരേഷിനെതിരെ കേസെടുക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ ചിലർ പറയുകയും ചെയ്തു.
വാവ സുരേഷ് പിടികൂടുന്ന ജീവികളെ ഇത്തരത്തിൽ ദ്രോഹിച്ചു കൊണ്ടാണ് പെരുമാറുന്നതെന്നും ഇത് അദ്ദേഹത്തിന്റെ സ്ഥിരം പണിയാണെന്നും പലരും പറഞ്ഞു. ഇതിനെതിരെ ബന്ധപ്പെട്ടവർ ഇടപെട്ട് പരിഹാരം കാണണമെന്നും ആവശ്യം ഉയർന്നു വരുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ പത്തനാപുരത്ത് നിന്നും കിണറ്റിൽ അകപ്പെട്ട അണലിയെ പുറത്തെടുക്കുമ്പോൾ കടിയേറ്റ വാവ സുരേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വാവ സുരേഷിന്റെ അപകടകരമായും അശാസ്ത്രീയ പരമായുമുള്ള പാമ്പ് പിടുത്ത രീതിയാണ് കടികിട്ടാനുള്ള കാരണമെന്നു ചൂണ്ടിക്കാട്ടി ഡോക്ടർമാർ അടക്കമുള്ളവർ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.