രാജീവ് ചന്ദ്രശേഖറിന് ദൽഹിയിൽ യാതൊരു പിടിയുമില്ല എന്ന് ഇതോടെ വ്യക്തമായെന്നു അഡ്വ ജയശങ്കർ

ഡൽഹി കലാപത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് മലയാള ന്യൂസ്‌ ചാനലായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂർ വിലക്കേർപെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി അഡ്വ ജയശങ്കർ. ഡൽഹി കലാപത്തിൽ സംഘ്പരിവാറിനെയും മോദി സർക്കാരിനെയും തരം താഴ്ത്തി വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ കേരളത്തിലെ മൂന്ന് മുഖ്യധാര മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്നുള്ള വർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇന്നലെ വൈകിട്ടു മുതൽ 48 മണിക്കൂറത്തേക്ക് ബ്ലോക്ക്‌ ചാനൽ ബ്ലോക്ക്‌ ചെയ്തു സർക്കാർ നടപടിയെടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച് അഡ്വ ജയശങ്കറിന്റെ കുറിപ്പ് വായിക്കാം

ദിവാൻ രാജഗോപാലാചാരി സ്വദേശാഭിമാനി പത്രം പൂട്ടിക്കുകയും പത്രാധിപർ രാമകൃഷ്ണപിളളയെ നാടുകടത്തുകയും ചെയ്തതായി സാമൂഹ്യ പാഠപുസ്തകത്തിൽ വായിച്ചിട്ടുണ്ട്. സചിവോത്തമൻ സിപി രാമസ്വാമി അയ്യർ മലയാള മനോരമ മുദ്ര വെച്ചു മാമ്മൻ മാപ്പിളയെയും മകനെയും തുറുങ്കിലടച്ചു എന്നുമുണ്ട് ചരിത്രം. പക്ഷേ അതൊക്കെ രാജഭരണ കാലത്ത് നടന്ന കാര്യങ്ങളാണ്. മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്ത് സെൻസർഷിപ്പ് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ കാലത്തു പോലും കേരളത്തിൽ ഒരു പത്രവും പൂട്ടിയിട്ടില്ല. ദേശാഭിമാനി പോലുള്ള ജിഹ്വകൾ അന്നും പുറത്തിറങ്ങിയിരുന്നു.

ജനാധിപത്യവും പൗരാവകാശങ്ങളും പൂത്തുലയുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, ഇതാ രണ്ടു മലയാളം ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂർ നേരത്തേക്ക് വിലക്കിയിരിക്കുന്നു. ദൽഹി കലാപ വേളയിൽ സാമുദായിക വിദ്വേഷം പരത്തും വിധം വാർത്തകൾ സംപ്രേഷണം ചെയ്തു എന്നാണ് ആരോപണം. ശിക്ഷ വിധിച്ചതും നടപ്പാക്കിയതും വെള്ളിയാഴ്ച വൈകുന്നേരം ആയതുകൊണ്ട് കോടതിയിൽ പോകാനും കഴിയാതെ വന്നു.

ഇടതു- വലതു ഭേദമന്യേ ബുദ്ധിജീവികളും നേതാക്കളും സംപ്രേഷണ വിലക്കിനെ രൂക്ഷമായി വിമർശിക്കുന്നു. കേന്ദ്ര സർക്കാരാണെങ്കിൽ അമ്മിക്കുഴവിക്കു കാറ്റു പിടിച്ചപോലെ തുടരുന്നു. കർണാടകത്തിൽ നിന്നുള്ള ബിജെപി എംപിയാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പ്രധാന മുതലാളി രാജീവ് ചന്ദ്രശേഖർ. ടിയാന് ദൽഹിയിൽ യാതൊരു പിടിയുമില്ല എന്ന് ഇതോടെ വ്യക്തമായി. പീപ്പിളും ജയ്ഹിന്ദും വരെ നിരങ്കുശം വാർത്ത കൊടുക്കമ്പോഴാണ്, ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയത്. നേരോടെ, നിരന്തരം, നിർഭയം!.