ഇതൊരു മുന്നറിയിപ്പ് മാത്രമാണ്: ഇനിയുള്ള കാലത്ത് സമൂഹത്തിൽ അശാന്തി പടർത്താതെ സത്യസന്ധമായും നിഷ്പക്ഷമായും മാധ്യമങ്ങൾ പ്രക്ഷേപണം നടത്തണമെന്ന് മാധ്യമസ്ഥാപനങ്ങൾ തീരുമാനിക്കേണ്ടതല്ലേയെന്ന് സന്ദീപ് വാര്യർ

ഡൽഹി കലാപത്തെ തുടർന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വിലക്കേർപ്പെടുത്തിയ സംഭവത്തിൽ അഭിപ്രായം രേഖപ്പെടുത്തികൊണ്ട് ബിജെപി വക്താവ് സന്ദീപ് വാര്യർ. വർഗീയ സംഘർഷങ്ങൾ, യുദ്ധം എന്നിവ റിപ്പോർട്ട്‌ ചെയ്യുമ്പോൾ മാധ്യമങ്ങൾ രാജ്യ താല്പര്യം സമൂഹ താല്പര്യം എന്നിവ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഒരു മാധ്യമ സ്ഥാപനത്തെയും ഭാരതീയ ജനതാ പാർട്ടി ശത്രുവായി കാണുന്നില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിക്കൂടി പീഡനങ്ങൾ ഏറ്റുവാങ്ങുകയും ജയിലിൽ പോവുകയും ചെയ്ത നേതൃത്വമാണ് ബിജെപിയുടേത്.

അടിയന്തരാവസ്ഥക്കാലത്ത് , ഭരണകൂടം കുനിഞ്ഞു നിൽക്കാൻ ആവശ്യപ്പെട്ടപ്പോഴേക്കും മാധ്യമങ്ങൾ മുട്ടിലിഴഞ്ഞു എന്ന അഭിപ്രായമാണ് അദ്വാനിജിക്ക് ഉണ്ടായിരുന്നത്. നിഷ്പക്ഷമായും സത്യസന്ധമായും ഭയരഹിതമായും റിപ്പോർട്ട് ചെയ്യാനുള്ള സാഹചര്യം എല്ലാ മാധ്യമങ്ങൾക്കും ഉണ്ടാകേണ്ടതാണ്. ഭരിക്കുന്നവരുടെ താല്പര്യം സംരക്ഷിക്കേണ്ട ബാധ്യത ഒന്നും മാധ്യമങ്ങൾക്ക് ഇല്ല. എന്നാൽ രാജ്യ താൽപര്യവും സമൂഹ താൽപര്യവും സംരക്ഷിക്കേണ്ട ബാധ്യത, രാജ്യത്തെ നിയമം അനുസരിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഉണ്ട് എന്ന കാര്യവും വിസ്മരിക്കരുത്.

വർഗീയ സംഘർഷങ്ങൾ, യുദ്ധം എന്നിവ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ രാജ്യ താല്പര്യം , സമൂഹ താൽപര്യം എന്നിവ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു എന്ന തരത്തിൽ വാർത്തകൾ നൽകുമ്പോൾ സമൂഹത്തിൽ അശാന്തി പടരാതിരിക്കാൻ മതവിഭാഗങ്ങളുടെ പേര് ഒഴിവാക്കുന്നതാണ് സാധാരണ പതിവ്. അതാണ് മര്യാദ. എന്നാൽ മാധ്യമ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് രാജ്യത്ത് മത സംഘർഷത്തിന് ആക്കം കൂട്ടുന്ന രീതിയിൽ, സമൂഹത്തെ ഭിന്നിപ്പിക്കുന്ന രീതിയിൽ റിപ്പോർട്ടിംഗ് നടത്തുന്നത് ഈ രാജ്യത്തോട് ചെയ്യുന്ന അനീതിയാണ്.

മലയാളത്തിലെ രണ്ട് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കൈക്കൊണ്ട നടപടി സ്ഥായിയായ ഒന്നല്ല. അത് ഒരു മുന്നറിയിപ്പ് കൊടുക്കൽ മാത്രമാണ്. അതിനെ പോസിറ്റീവ് ആയി എടുത്തു കൊണ്ട് ഇനിയുള്ള കാലത്ത് ഇത്തരം സെൻസിറ്റീവ് ആയ സന്ദർഭങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ സമൂഹത്തിൽ അശാന്തി പടർത്താതെ സത്യസന്ധമായും നിഷ്പക്ഷമായും പ്രക്ഷേപണം നടത്തണമെന്ന് മാധ്യമ സ്ഥാപനങ്ങൾ തീരുമാനിക്കേണ്ടതല്ലേ? അതല്ലേ ഈ നാടിനു നല്ലത്?

അഭിപ്രായം രേഖപ്പെടുത്തു