കേന്ദ്രമന്ത്രിമാരെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: ലോകസഭയിൽ നിന്നും കോൺഗ്രസ്‌ എംപിമാരെ സസ്പെൻസ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്‌ നേതാവും എംപിയുമായ കെ മുരളീധരൻ. ഇത്തരം നടപടികൾ കേന്ദ്രസർക്കാർ തുടർന്നാൽ കേരളത്തിൽ കേന്ദ്രമന്ത്രിമാരെ കാലുകുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കേരളത്തിലെ രണ്ട് മുഖ്യധാരാ മാധ്യമങ്ങൾക്ക് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയപ്പോൾ കേന്ദ്രമന്ത്രി വി മുരളീധരൻ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനരോക്ഷം ഭയന്നാണ് കേന്ദ്രസർക്കാർ ചാനലുകളുടെ വിലക്ക് പിൻവലിക്കാൻ തയ്യാറായതെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഡൽഹിയിൽ നടന്നത് ആസൂത്രിത അക്രമണമാണെന്നും കേന്ദ്രസർക്കാരിന്റെ അറിവോടെയാണ് ഡൽഹിയിൽ കലാപം നടന്നതെന്നും മൂന്നു ദിവസം കലാപത്തിൽ അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരം ഉണ്ടാക്കികൊടുത്തെന്നും അതിന്റെ തെളിവാണ് പോലീസ് സാന്നിധ്യം തുടക്കത്തിൽ ഇല്ലാതിരുന്നതെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.