പത്തനംതിട്ടയിൽ രണ്ടു പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു: സംസ്ഥാനത്ത് ആകെ എട്ട് പേർ

പത്തനംതിട്ട ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചു. 9 പേരിൽ നടത്തിയ പരിശോധനയിലാണ് രണ്ടു പേർക്ക് വൈറസ് ഉണ്ടെന്നു കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. ഇറ്റലിയിൽ നിന്നുമെത്തിയ റാന്നി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർക്കും ബന്ധുക്കളായ രണ്ടു പേർക്കുമാണ് ആദ്യം കൊറോണ വൈറസ് സ്ഥിതീകരിച്ചത്.

ഇറ്റലിയിൽ നിന്നെത്തിയവർ ഇപ്പോൾ കൊറോണ വൈറസ് കണ്ടെത്തിയവരുടെ വീട്ടിലെത്തുകയും ഭക്ഷണം കഴിക്കുകയും അവോരോടൊപ്പം ഇടപെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇവരെ കോഴഞ്ചേരി ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു പരിശോധന നടത്തിയത്. തുടർന്ന് ഇവർക്ക് വൈറസ് ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു. ഇവരെ ഐസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇറ്റലിയിൽ നിന്നെത്തിയ കുടുംബം 739 ഓളം പേരുമായി അടുത്ത് ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവരെല്ലാം വീടുകളിലും ഹോസ്പിറ്റലുകളിലുമായി നിരീക്ഷണത്തിലാണ്. 60 ഓളം പേർ ഏറ്റവും അടുത്ത് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. തുടർന്ന് ഇവരെ പരിശോധന നടത്തിയ ശേഷം രോഗലക്ഷണങ്ങൾ കണ്ടാൽ ഐസുലേഷൻ വാർഡിലേക്ക് മാറ്റാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.