സത്യത്തിന്റെ മെഴുകുതിരി നാളത്തെ, അസത്യത്തിന്റെ കൈകൾ എത്ര പൊതിഞ്ഞു പിടിക്കാൻ ശ്രമിച്ചാലും ഒരു നാൾ ആ വെളിച്ചം പുറത്തുവരുമെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി സംഭവത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച ഏഷ്യാനെറ്റ്‌ ന്യൂസിനും മീഡിയ വണ്ണിനും വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ അഡ്വ ഹരീഷ് വാസുദേവൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയ നടപടിയേ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കലാപബാധിത പ്രദേശത്തെ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുമ്പോൾ കാണിക്കേണ്ട പക്വതയും ആത്മസംയമനവും ഇരുചനലുകളുടെയും ഭാഗത്തു നിന്നു ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ കേന്ദ്രമന്ത്രി വി മുരളീധരൻ ഫേസ്ബുക്കിലൂടെയാണ് കുറിച്ചത്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളെ താൽക്കാലികമായി വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ അഡ്വ. ഹരീഷ് വാസുദേവൻ സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ സ്വകാര്യ ഹർജിക്ക് തന്നെ നിലനിൽപ്പില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ നടപടി എന്നാണ് മനസിലാക്കുന്നത്. ദില്ലി കലാപം ഊതിക്കത്തിക്കുന്ന വിധം വാർത്തകൾ നൽകിയതിനാണ് ആദ്യം താക്കീതും, പിന്നീട് മുന്നറിയിപ്പും, ഒടുവിൽ താൽക്കാലിക വിലക്കും ഇരു ചാനലുകൾക്കെതിരെയും കേന്ദ്ര സർക്കാരിന് എടുക്കേണ്ടി വന്നത്. കലാപബാധിത മേഖലകളിലെ വാർത്തകൾ റിപ്പോർട്ടു ചെയ്യുമ്പോൾ കാണിക്കേണ്ട പക്വതയും ആത്മസംയമനവും ഇരു ചാനലുകളുടെയും ഭാഗത്തു നിന്ന് ഉണ്ടായില്ല എന്നതു കൊണ്ടു തന്നെയാണ് നടപടി വേണ്ടിവന്നത്. 1994ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്സ് നിയമത്തിൽ ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ മാർഗരേഖയുണ്ട്.

സ്വകാര്യ ഹർജി പരിഗണിച്ച ഹൈക്കോടതി ഈ ചട്ടങ്ങൾ ഊന്നിപ്പറഞ്ഞതും രാജ്യത്ത് ടെലിവിഷൻ സംപ്രേഷണത്തിന് കൃത്യമായ നിയമങ്ങൾ ഉള്ളതുകൊണ്ടുതന്നെയാണ്. ടെലിവിഷൻ വാർത്താ സംപ്രേഷണത്തിന് നിയമ പ്രകാരമുള്ള നിയന്ത്രണം ഇല്ലെങ്കിൽ എന്താണ് സംഭവിക്കുകയെന്ന് ഹൈക്കോടതി നിരീക്ഷിച്ചതും ദൂരവ്യാപക പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞു തന്നെയാകണം. പ്രഥമദൃഷ്ട്യാ തന്നെ ഹർജി നിലനിൽക്കില്ലെന്നും, നിയമവിരുദ്ധവും ധാർമികമല്ലാത്തതുമായ എന്തും ടെലിവിഷനിലൂടെ കാണിക്കണം എന്നാണോ ഹർജിക്കാരൻ ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചതും മറക്കരുത്.

എന്തായാലും സമൂഹത്തിൽ ഏറെ സ്വാധീനമുള്ള ഇരു ചാനലുകൾക്കുമെതിരെ താൽക്കാലികമായ നടപടിയെടുത്തത് നിയമാനുസൃതമായി തന്നെയാണെന്ന് ഇന്നത്തെ കോടതി പരാമർശത്തിലൂടെ കൂടുതൽ വ്യക്തമാകുകയാണ്. സമൂഹത്തെ ഭാവിയിലേക്ക് കൈ പിടിച്ച് നടത്തേണ്ടവരാണ് മാധ്യമങ്ങൾ.അവർക്കു വഴിതെറ്റിയാൽ പൊതു സമൂഹത്തിനാണ് വഴി തെറ്റുന്നത്. അങ്ങനെയുണ്ടാകരുതെന്ന ബോധ്യത്തോടും താക്കീതെന്ന നിലയിലുമാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്.

അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് കേരളാ ഹൈക്കോടതിയുടെ നിരീക്ഷണവും നടപടിയും.
സത്യത്തിന്റെ മെഴുകുതിരി നാളത്തെ, അസത്യത്തിന്റെ കൈകൾ എത്ര പൊതിഞ്ഞു പിടിക്കാൻ ശ്രമിച്ചാലും ഒരു നാൾ ആ വെളിച്ചം പുറത്തു വരും. അതിന്റെ ദൃഷ്ടാന്തമാണ് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ ഇന്നുണ്ടായത്.