കൊറോണ പടരുന്നു വിദ്യാർത്ഥികൾ ആശങ്കയിൽ ; സർവകലാശാലകളുടെ പരീക്ഷകൾക്ക് മാറ്റമില്ല ഗവർണർക്ക് പരാതി നൽകി എബിവിപി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ഭീഷണിവർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ യൂണിവേഴ്സിറ്റി പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ആശങ്കയിലാണെന്ന് എബിവിപി. നിലവിൽ കണ്ണൂർ , കാലിക്കറ്റ് , കേരള , എംജി , ആരോഗ്യ സർവകലാശാലകളിൽ പരീക്ഷകൾ നടത്തുവാൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ള ഈ സമയത്ത്, വിദ്യാർത്ഥികൾ എങ്ങനെയാണ് കിലോമീറ്ററുകളോളം സഞ്ചരിച്ച് പരീക്ഷകളെ അഭിമുഖീകരിക്കുക എന്ന ആശങ്കകൾ നിലനിൽക്കുന്നതായും എബിവിപി.

വിദ്യാർത്ഥികളുടെ ആശങ്കകൾ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം എബിവിപി അധികൃതർക്ക് പരാതികൾ നൽകിയിരുന്നു . എന്നാൽ പരീക്ഷ നടത്താൻ തന്നെയാണ് സർക്കാർ തീരുമാനിച്ചത്. അതിനാൽ വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്തുകൊണ്ട് കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ ചാൻസിലറായ ഗവർണർക്കും , ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും , യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാർക്കും , മറ്റു അധികാരികൾക്കും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവിശ്യപ്പെട്ട് എബിവിപി പരാതി നൽകിയിരിക്കുകയാണ്.