കൊറോണ വൈറസ്; മാധ്യമങ്ങൾ ഹോസ്പിറ്റലിൽ നിന്നും റിപ്പോർട്ട് ചെയ്യരുത് രോഗികളോടും ബന്ധുക്കളോടും സംസാരിക്കരുതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് സംസ്ഥാനത്തു പടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കാനുള്ള തീരുമാനവുമായി സർക്കാർ. ജനങ്ങൾക്ക് ഇത് സംബന്ധിച്ച് കൂടുതൽ അവബോധം ഉണ്ടാകേണ്ടതുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ആരോഗ്യ പ്രവർത്തകരും, സന്നദ്ധ പ്രവർത്തകരും പോലീസും ഒന്നിച്ചു പ്രവർത്തിക്കുമെന്നും ഇതിനായി വേണ്ട പരിശീലങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുമെന്നും ഇതിനായി പ്രത്യേക ഡോക്ടർമാരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ റിപ്പോർട്ടിങ്ങിൽ സ്വയം നിയന്ത്രണങ്ങൾ ഏര്പ്പെടുത്തണമെന്നും ഹോസ്പിറ്റൽ പരിസരത്തു ഉള്ള റിപ്പോർട്ടിങ് ഒഴിവാക്കണമെന്നും, രോഗികളുടെ ബന്ധുക്കളിൽ നിന്നും പ്രതികരണങ്ങൾ എടുക്കുന്നത് ഒഴിവാക്കണമെന്നും മൈക്ക് അവരുടെ മുഖത്തിനടുത്തേക്ക് കൊണ്ട് പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാരെ ആരോഗ്യ വകുപ്പും പോലീസും കൃത്യമായി നിരീക്ഷിക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളിൽ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും, ആളു കൂടുന്ന തരത്തിലുള്ള പൊതു പരിപാടികളോ പള്ളി പെരുന്നാളോ, ഉത്സവങ്ങളോ യോഗങ്ങളോ ഉണ്ടായാൽ പോലീസ് അതിൽ ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തിമാക്കി.

അഭിപ്രായം രേഖപ്പെടുത്തു