സാമൂഹിക വിരുദ്ധർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നതിനും പൊതുപരിപാടികൾ അവതരിപ്പിക്കുന്നതിനുമെല്ലാം സർക്കാരും ആരോഗ്യ വകുപ്പും വിലക്കേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ബിഗ്ബോസ്സ് താരം രജിത് കുമാർ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ ആരാധകർ നൽകിയ സ്വീകരണത്തിൽ സർക്കാർ നടപടിയെടുത്തിരുന്നു. വിലക്കുകളെ ലംഘിച്ചുകൊണ്ട് ആളുകൾ കൂട്ടം കൂടിയതിൽ 79 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ ഇത്തരം പരിപാടികൾ സംസ്ഥാനത്തു എവിടെയെങ്കിലും ആവർത്തിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ ഒരു ടി.വി. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം. ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ആളുകള്‍ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ സംസ്ഥാനത്തുടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ സ്വീകരിക്കുമ്പോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്.

ഇത് ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുന്നു.

അഭിപ്രായം രേഖപ്പെടുത്തു