വാളയാർ സഹേദരിമാരുടെ മരണം: അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നു കെ സുരേന്ദ്രൻ

തിരുവനന്തപുരം: വാളയാറിൽ സഹോദരിമാരെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ കേസ് അട്ടിമറിച്ചവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് അട്ടിമറിക്കുകയും പ്രതികൾക്ക് രക്ഷപെടാനുള്ള വഴികൾ ഒരുക്കി കൊടുത്തതിനു പിന്നിൽ സർക്കാരും പോലീസുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും ശിക്ഷിക്കപ്പെടണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. വാളയാർ വിഷയത്തിൽ ഇപ്പോൾ പുനർവിചാരണയ്ക്കുള്ള സാഹചര്യം ഉണ്ടെന്നും ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിൽ പ്രതികൾ വീണ്ടും അറസ്റ്റിലാകാനുള്ള സാഹചര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെഷൻസ് കോടതിയുടെ വിധിയെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്തതെന്നും ഇതിൽ നിന്നും മനസിലാകുന്നത് കേസും അന്വേഷണവും അട്ടിമറിച്ച സംഭവമാണ്. സർക്കാർ അപ്പീൽ നൽകിയത് പുറത്തു നിന്നുള്ള സമ്മർദ്ദം മൂലമാണെന്നും, പ്രതികൾക്ക് ശിക്ഷ ലഭിക്കണമെന്ന് സർക്കാരിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അട്ടിമറിയ്ക്കാൻ കൂട്ടുനിന്ന ഡി വൈ എസ് പി അടക്കമുള്ളവർക്കെതിരെ നിയമപരമായി നടപടികൾ കൈകൊള്ളണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.