കോവിഡ് 19: നിർദേശങ്ങൾ ലംഘിച്ച നാല് മലയാളികളെ അറസ്റ്റ് ചെയ്തു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് വയനാട്ടിൽ നാല് പേരെ അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നും എത്തിയ മുട്ടിൽ സ്വദേശികളായ രണ്ടുപേരെയും അമ്പലവയൽ, പുൽപ്പള്ളി സ്വദേശികളായ ഓരോരുത്തരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടന്നതിനെ തുടർന്നാണ് നടപടിയെടുത്തത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടികൾ കൈകൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

കൊറോണ വൈറസിന്റെ വ്യാപ്തി കൂടുന്ന സാഹചര്യത്തിൽ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കർശന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സർക്കാർ ഇതുവരെ അഭ്യർത്ഥനയാണ് നടത്തിയതെന്നും പറയുന്നത് അനുസരിക്കാൻ മടിച്ചാൽ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനും മടിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്തു സംസ്ഥാനത്തു പൊതുപരിപാടികൾക്കും, ആഘോഷങ്ങൾക്കും ആർഭാട രീതിയിലുള്ള വിവാഹത്തിനുമെല്ലാം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വൈറസിനെതിരെയുള്ള പ്രതിരോധത്തിൽ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.