കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിതീകരിച്ച ഭൂരിഭാഗം ആളുകളും ദുബായിൽ നിന്ന് വന്നവർ: കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കൊറോണ വൈറസ് സ്ഥിതീകരിച്ച 28 പേരിൽ 25 പേരും ദുബായിൽ നിന്നും എത്തിയവരാണെന്നു റിപ്പോർട്ട്‌. ഇന്ന് കൊറോണ വൈറസ് സ്ഥിതീകരിച്ചത് കാസർഗോഡ് സ്വദേശികളായ 19 പേർക്കും കണ്ണൂരിൽ നിന്നും അഞ്ചു പേർക്കും എറണാകുളത്തു രണ്ട് പേർക്കും പത്തനംതിട്ടയിൽ നിന്നും ഒരാൾക്കും തൃശൂരിൽ നിന്നും ഒരാൾക്കുമാണ്. ആകെ നിലവിൽ കൊറോണ വൈറസ് സ്ഥിതീകരിച്ചവരുടെ എണ്ണം 91 ആയി ഉയർന്നു.

നിലവിലെ സ്ഥിതിഗതികൾ കണക്കിലാക്കി സംസ്ഥാനത്ത് മാർച്ച്‌ 31 വരെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ അതിർത്തികളും ഇതിന്റെ ഭാഗമായി അടയ്ക്കുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ ജനങ്ങൾക്ക് ആവശ്യമായ ആവശ്യ സാധനങ്ങളും മരുന്നുകളും മറ്റും ഉറപ്പാക്കുമെന്നും സർക്കാർ പറഞ്ഞിട്ടുണ്ട്. കെ എസ് ആർ ടി സിയോ സ്വകാര്യ ബസുകളോ സംസ്ഥാനത്ത് ഓടുകയില്ലെന്നും, എന്നാൽ സ്വകാര്യ വാഹനങ്ങൾ ഓടാൻ അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു. പെട്രോൾ പമ്പ്, ഹോസ്പിറ്റൽ, എന്നിവ പ്രവർത്തിക്കും. സർക്കാർ സ്ഥാപനങ്ങൾ സുരക്ഷ ഉറപ്പ് വരുത്തിയതിനു ശേഷം പ്രവർത്തിപ്പിക്കുമെന്നും, ആരാധനാലയങ്ങളിലെ ആളുകൾ കൂടുന്ന ചടങ്ങുകളും നിർത്തി വെയ്ക്കുമെന്നും സർക്കാർ പറഞ്ഞു.

റെസ്റ്റോറന്റ് പോലുള്ള സ്ഥാപങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാഴ്‌സൽ അനുവദിക്കും. ആവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി കടകളും മെഡിക്കൽ ഷോപ്പുകളും തുറന്നു പ്രവർത്തിക്കും. ആളുകൾ അനാവശ്യമായി പുറത്തു ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ആളുകൾ തമ്മിലുള്ള ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.