സാറെ അച്ഛന് മരുന്ന് വാങ്ങാൻ ഇറങ്ങിയതാ; യുവാവിനെ പിന്നീട് കണ്ടത് ബിവറേജിന്റെ പരിസരത്ത്

തൃശൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് പോലിസും സർക്കാരും കൈക്കൊള്ളുന്നത്. വിലക്ക് ലംഘിച്ചു പുറത്തിറങ്ങിയ നൂറു കണക്കിന് ആളുകളെയും അവരുടെ വാഹങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്. എന്നാൽ രണ്ട് ദിവസം മുന്‍പ് ത്രിശൂരില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥൻ. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതിനിടയിൽ ഒരാൾ പറഞ്ഞത് തന്റെ അച്ഛന് മരുന്ന് വാങ്ങുന്നതിനായി പോകുകയാണെന്നാണ്. എന്നാൽ കുറെ കഴിഞ്ഞപ്പോൾ അവരെ കണ്ടത് ബിവറേജസ് ഔട്ട്ലറ്റിന്റെ പരിസരത്താണ്. ഇത്തരത്തിൽ പോലീസുകാരോട് പോലും തെറ്റായ രീതിയിലുള്ള വിവരങ്ങൾ നല്കി കൊണ്ട് കറങ്ങി നടക്കുന്ന നിരവധി ആളുകളാണ് ഉള്ളത്‌. എന്നാൽ സ്വന്തം ജീവന്റെ സുരക്ഷയ്‌ക്ക് വേണ്ടിയാണ് ഇതൊക്കെ പറയുന്നതെന്ന ചിന്ത പോലുമില്ലാത്തവരാണ് പലരും.

ഇത്തരം സന്ദർഭങ്ങളിൽ മനസിന് സന്തോഷം നൽകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. അന്യനാട്ടിൽ നിന്നും ജോലിയ്ക്കായി എത്തിയ തൊഴിലാളികളിൽ പലരും തങ്ങളെ പട്ടിണി അറിയിച്ചു സങ്കടവുമായി എത്തിയിട്ടുണ്ടെന്നും അവർക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആഹാര സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ സാധിച്ചിട്ടുണ്ടെന്നും പോലീസുകാർ പറയുന്നു. ഒരു മാധ്യമത്തിനു നൽകിയ പ്രതികരണത്തിലാണ് തങ്ങളുടെ അനുഭവങ്ങൾ പോലീസുകാർ പങ്കുവെച്ചത്.